മനുഷ്യത്വമാണ് മനുഷ്യനെ മാന്യനാക്കുന്നത് ! സംസ്കാരത്തിന്റെ അടയാളവും മനുഷ്യത്വമാണ്. സംസ്കാരത്തിന്റെ നിദാനമാകട്ടെ.. കരുണ, ആര്‍ദ്രദ, ദയ, സഹിഷ്ണുത തുടങ്ങിയ വികാരങ്ങളും! കരുണ വറ്റിയ മനസ്സുകള്‍ക്ക്, കലുഷിതമായ അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ കഴിയുക പ്രയാസമാണ്. കരുണക്കായ് കൊതിക്കുന്നവരുടെ കരം പിടിച്ച് സ്നേഹത്തിന്റെ നോട്ടം കൊണ്ടും കരുണയുടെ തലോടല്‍ കൊണ്ടും അപരന്റെ ദു:ഖത്തില്‍ പങ്ക് ചേരാനായാല്‍ അല്ലാഹുവിന്റെ കരുണ നമുക്ക് മുന്നില്‍ വര്‍ഷിച്ചു കൊണ്ടേയിരിക്കും.

 

കാലവും ലോകവും ആഗ്രഹിക്കുന്നത് കരുണയും സ്നേഹവുമാണ്. പക്ഷെ സ്നേഹം ശൂന്യതയുടെ കാളിമ കൊണ്ട് ലോകം തന്നെ അസ്വസ്ഥമാകുന്നതായിട്ടാണ് നാം കാണുന്നത്. തീര്‍ച്ചയായും കെ.എം.സി.സി കരുണയുടെയും സ്നേഹത്തിന്റെയും തെളിനീര്‍ പ്രവാഹമായി കാരുണ്യ പ്രവര്‍ത്തനത്തിലൂടെ പ്രവാസി സംഘടനകള്‍ക്കിടയില്‍ വേറിട്ട പ്രതീകമാണ്. അത് സി എച്ച് സെന്റര്‍ , ബൈത്തുറഹ്മ തുടങ്ങിയ സംരഭങ്ങളിലൂടെ വിശാലമാണു താനും.

 

എന്നാല്‍ , അടുത്ത കാലം വരെയും മാട്ടൂല്‍ എന്ന പ്രദേശത്തുകാര്‍ക്ക് കെ.എം.സി.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ സാധിച്ചിരുന്നില്ല. മാട്ടൂലിലെ സുമനുസുകളായ പ്രവാസി സുഹൃത്തുക്കള്‍ 'വേണം നമുക്കും നാടിന്റെ മേല്‍വിലാസത്തില്‍ ഈ കരുണയുടെ കേദാരം' എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങിയപ്പോള്‍ ഇച്ഛാശക്തി കൊണ്ട് ലക്ഷ്യം നേടാന്‍ സാധിച്ചു എന്നുള്ളത് മാട്ടൂലിലെ ജാതി മത ഭേദമന്യേയുള്ളവരുടെ പ്രോത്സാഹനവാക്കുകള്‍ കൊണ്ടും പ്രാര്‍ഥനകള്‍ കൊണ്ടും സാക്ഷ്യപ്പെടുത്താനാകും.

 

ഹ്രസ്വകാല പ്രവര്‍ത്തനത്തിന്റെ ഇന്നലെകളെ കുറിച്ചോര്‍ക്കുമ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒത്തിരി പ്രവര്‍ത്തനങ്ങള്‍ മാട്ടൂല്‍ കെ.എം.സി.സിക്ക് നടത്താന്‍ സാധിച്ചു എന്നതിന്റെ നിറവില്‍ മാട്ടൂല്‍ കെ.എം.സി.സി വാര്‍ഷികാഘോഷത്തിന്റെ സന്തോഷത്തിലാണിന്ന്. ഈ അസുലഭ നിമിഷത്തിന്റെ സന്തോഷവേളയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേറിട്ട മുഖം നല്‍കി മാതൃകയാകുകയാണ് മാട്ടൂല്‍ കെ.എം.സി.സി.

 

വിവാഹ പ്രയമായിട്ടും മംഗല്യഭാഗ്യം സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് ഭയപ്പെട്ട 10 പെണ്‍കുട്ടികളെ സൌഭാഗ്യാശ്വാസത്തിന്റെ വാതിലുകള്‍ തുറന്ന് കൊടുത്ത് തുടക്കം കുറിച്ച കെ.എം.സി.സി മാട്ടൂല്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ വിശാലമായ ഒരു ലോകം തീര്‍ക്കുകയായിരുന്നു.

 

മാട്ടൂലിന്റെ ആരോഗ്യ മേഖലക്ക് സ്‌തുത്യര്‍ഹമായ സേവനം നല്‍കുന്നതിന്റെ ഭാഗമായി കെ.എം.സി.സി ഹോസ്പിറ്റല്‍ , കിഡ്‌നി, കേന്‍സര്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം ,ഭവന നിര്‍മാണ സഹായം, ദിനംപ്രതി എത്തുന്ന അപേക്ഷകളെ പരിഗണിച്ച് ആശ്വാസം നല്‍കാനും പുതു തലമുറക്കും പഴമക്കാര്‍ക്കും ഒരുപോലെ ഉപകാരമാകും വിധത്തില്‍ മാട്ടൂലിന്റെ ചരിത്ര പശ്ചാതലങ്ങള്‍ ഒപ്പിയെടുത്ത് സമര്‍പ്പിക്കാനായി എന്നതും ഞങ്ങളുടെ പ്രവര്‍ത്തന മികവിന്റെ ചെറിയ ഒരു ഉദാഹരണം മാത്രമാണ്.

 

മാത്രമല്ല, കെ.എം.സി.സി മാട്ടൂലിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'ഹൃദയപൂര്‍വ്വം മാട്ടൂല്‍ ' എന്ന പദ്ധതിക്ക് രൂപം നകുകയും ഹൃദയ സംബന്ധമായ അസുഖങ്ങളാല്‍ വിഷമത നേരിടുന്ന ഒരു വയസു മുതല്‍ പത്ത് വയസു വരെയുള്ള കുട്ടികള്‍ക്ക് പൂര്‍ണമായും സൌജന്യ ചികിത്സ നല്‍കി വരികയും ചെയ്യുന്ന പദ്ധതിയാണ് ഹൃദയപൂര്‍വ്വം മാട്ടൂല്‍ എന്ന പദ്ധതി

 

ഒരു കുട്ടിക്ക് 2 ലക്ഷത്തിലേറെ രൂപ ചിലവ് വരുന്ന ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി അഞ്ച് കുട്ടികള്‍ക്ക് ഈ സഹായം നല്‍കാന്‍ ഇതിനകം സാധിച്ചു. അതിന്റെ രണ്ടാം ഘട്ടം 25 കുട്ടികള്‍ക്ക് കൂടി ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി ഞങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തിയിരിക്കുകയാണ്. തീര്‍ച്ചയായും ഇന്നലെകളില്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്‌തവുമായി ഞങ്ങളോടൊപ്പം നിന്ന സുമനസ്സുകളായ പ്രവാസി സുഹൃത്തുക്കള്‍ , മാട്ടൂലിലെയും മറ്റ് പ്രദേശങ്ങളിലെയും വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ഞങ്ങളോട് കാണിച്ച സഹകരണത്തിന്ന് തീര്‍ച്ചയായും കടപ്പെട്ടവരാണ് ഞങ്ങള്‍ . ഇന്നലെകളില്‍ ഞങ്ങളുടെ പ്രവര്‍ത്തനത്തെ വിജയിപ്പിച്ച മാന്യ സഹോദരങ്ങള്‍ വ്യവസായ പ്രമുഖര്‍ മേലിലും ഞങ്ങളോട് സഹകരിക്കുമെന്ന പ്രതീക്ഷയോടെ … 'ഹൃദയപൂര്‍വ്വം മാട്ടൂല്‍ ' രണ്ടം ഘട്ടം നിങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു.

 

എന്ന്
വിനയപൂര്‍വ്വം
ജ:സെക്രട്ടറി, കെ.കെ. മുഹമ്മദ് അശ്രഫ്